ഇന്‍ഡ്യന്‍ സംഘടീത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള രാജ്യത്തെ ആദ്യത്തെ ബഹുമുഖ സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് എംപ്ളോയീസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് പദ്ധതി. ഇതിന്‍പ്രകാരമുള്ള മെഡിക്കല്‍ സുരക്ഷ ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പ് വഴി കേരള സര്‍ക്കാര്‍ നടപ്പാക്കി വരുന്നു. 16-09-1956 മുതല്‍ ഏഴ് കേന്ദ്രങ്ങള്‍ മുഖേന കേരളത്തില്‍ ഈ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചു. കേരളത്തിലെ എല്ലാ പ്രധാനപ്പെട്ട പ്രദേശങ്ങളിലും ഇപ്പോള്‍ ഇ.എസ്.ഐ പദ്ധതി നടപ്പിലുണ്ട്.
സംസ്ഥാന ആരോഗ്യവകുപ്പു മുഖേന നടപ്പിലാക്കിക്കൊണ്ടിരുന്ന ഈ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനു വേണ്ടി 1-04-1985 ല്‍ സംസ്ഥാന തൊഴില്‍ സെക്രട്ടരിയേറ്റിന്റെ കീഴില്‍ ഒരു പ്രത്യക വകുപ്പ് രൂപീകരിക്കുകയുണ്ടായി.
തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കും ബൃഹത്തായ മെഡിക്കല്‍ സുരക്ഷ ഉറപ്പു വരുത്തുന്നതോടൊപ്പം വരുമാനത്തെയോ സമ്പാദനശേഷിയേയോ ബാധിക്കുന്ന പ്രതികൂലസാഹചര്യങ്ങളില്‍ നിന്നുമുള്ള സമ്പൂര്‍ണ്ണ സുരക്ഷ കൂടി നല്‍കുക എന്ന നിക്ഷിപ്ത ചുമതലയുള്ള ബഹുമുഖ സാമുഹ്യ സുരക്ഷാ പദ്ധതിയാണ് ഇ എസ് ഐ പദ്ധതി.
തൊഴില്‍ജന്യ രോഗമോ തൊഴിലപകടമോ കൊണ്ട് സംഭവിക്കുന്ന അവശതയ്ക്ക്ക്ക് തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നതും ഈ പദ്ധതില്പ്പെടുന്നു.
10 ലക്ഷത്തോളം തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ ഏകദേശം 30 ലക്ഷത്തോളം ഉപഭോക്താക്കള്‍ ഈ ശൃംഖലയിലുണ്ട്. മെഡിക്കല്‍ സുരക്ഷയുടെ ഭരണചുമതലയുള്ള സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പു വഴി ഇതു നിര്‍വ്വഹിക്കുന്നു.
9 ഇ.എസ്. ഐ ആശുപത്രികള്‍, 147 ഇ.എസ്.ഐ ഡിസ്പെന്‍സറികള്‍, പുലയനാര്‍ക്കോട്ട നെഞ്ചുരോഗ വിഭാഗം എന്നിവ മുഖേന മെഡിക്കല്‍ സംവിധാനങ്ങള്‍ നടപ്പാക്കി വരുന്നു. ഇതു കൂടാതെ ഇ.എസ്.ഐ കോര്പ്പറേഷന് നേരിട്ടു നടത്തുന്ന 3 ആശുപത്രികളിലെ സേവനങ്ങളും ഗുണഭോക്താക്കള്‍ക്ക് ലഭ്യമാണ്.
അലോപ്പതി, ആയുര്‍വേദ, ഹോമിയോ ചികിത്സാ സംവിധാനങ്ങള്‍ ഈ പദ്ധതി വഴി ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നു.
ഫണ്ട് ശേഖരണത്തിന്റെയും സംരക്ഷണത്തിന്റെയും ചുമതലയുള്ള ഇ.എസ്.ഐ കോര്പ്പറേഷന് അക്കൗണ്ടന്റ് ജനറലിന്റെ ഒാഡിറ്റ് സര്‍ട്ടിഫിക്കറ്റിനു വിധേയമായി 7:1 എന്ന നിശ്ചിത അനുപാതത്തില്‍ ഈ പദ്ധതിയിലെ ഗവണ്മെന്റ് ചെലവ് റീ ഇംബേഴ്സ് ചെയ്യുന്നു.
ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പിന്റെ ആസ്ഥാനം തൈക്കാട് സ്ഥിതി ചെയ്യുന്നു. ഈ വകുപ്പ് കേരള സര്‍ക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറിയേറ്റിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഇന്‍ഷുറന്‍സ് മെഡിക്കല്‍ വകുപ്പ് ആസ്ഥാനത്ത് ഡയറകട്രേറ്റും ജോയിന്റ് ഡയറക് ട്രേറ്റും പ്രവര്‍ത്തിക്കുന്നു.
കൊല്ലം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഉള്ള മൂന്ന് റീജിയണല്‍ ഒാഫീസുകള്‍ക്ക് പുറമെ ഡയറക് ട്രേറ്റിനോടനുബന്ധിച്ച് ആയുര്‍വേദ ഡെപ്യൂട്ടി ഡയറക് ട്രേറ്റും ഹോമിയോ ഡയറക് ട്രേറ്റും പ്രവര്‍ത്തിക്കുന്നു.
9 ഇ.എസ്.ഐ ആശുപത്രികള്‍, ഇ.എസ്.ഐ. കോര്പ്പറേഷന് നേരിട്ട് നടത്തുന്ന 4 ആശുപത്രികള്‍, 147 ഡിസ്പെന്‍സറികള്‍ എന്നിവ മുഖേന മെഡിക്കല്‍ സംവിധാനങ്ങള്‍ നല്കി വരുന്നു.
ഇ.എസ്.ഐ ഗുണഭോക്താക്കള്‍ക്കായി അലോപ്പതി, ആയുര്‍വേദ, ഹോമിയോ വിഭാഗങ്ങളിലെ ചികിത്സ നല്കി വരുന്നു.